
കണ്ണൂർ : ആറളം ഫാം കൃഷിയിടത്തില്‍ നിന്നുള്ള കാട്ടാന തുരത്തല്‍ രണ്ട് മുതല്‍ പുനരാരംഭിക്കുന്നതിന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേർന്ന ഫാം സംരക്ഷണ സമിതി യോഗത്തിൽ തീരുമാനിച്ചു.ഫാമിലെ കൃഷിയിടത്തില്‍ തമ്ബടിച്ചിരിക്കുന്ന കാട്ടാനകളെ ഏപ്രില്‍ രണ്ടു മുതല്‍ വനത്തിലേക്ക് തുരത്താനുള്ള നടപടി തുടങ്ങും.
ആനയെ തുരത്തുന്ന സമയങ്ങളില്‍ ആനമതിലിന്റെ നിർമാണം തടസപ്പെടാതിരിക്കാനുള്ള നടപടികള്‍ കരാറുകാരനും പൊതുമാരാമത്ത് വകുപ്പും ചേർന്ന് ക്രമീകരിക്കും. ആനയെ തുരത്തുന്ന ദിവസങ്ങളില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ജില്ല കലക്ടറോട് ശുപാർശ ചെയ്യാനും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താനും വിവരം പ്രദേശവാസികളെ മുൻകൂട്ടി അറിയിക്കാനും യോഗം തീരുമാനിച്ചു. റോഡുകളില്‍ നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തി.
ആനമതില്‍ നിർമാണം പൂർത്തിയാകുന്നത് വരെ ആദിവാസി പുരനധിവാസ മിഷന്റെ ജീപ്പ് വനംവകുപ്പിന് ഉപയോഗിക്കാൻ അനുമതി നല്‍കാൻ ഡി.ആർ.ഡി.എമ്മിനോട് യോഗം ആവശ്യപ്പെട്ടു. ടി.ആർ.ഡി.എം സൈറ്റ്മാനേജർ നിർബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നും നിർദ്ദേശിച്ചു. യോഗത്തില്‍ എം.എല്‍.എക്ക് പുറമെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.