
അടുത്ത വര്‍ഷം ഫെബ്രുവരിയിൽ നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് പോകില്ല. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ, ഐസിസിയെ അറിയിച്ചു. പകരം വേദിയായി ദുബായ്, ശ്രീലങ്ക വേദികളാണ് ആലോചിക്കുന്നത്. ഇതിൽ ദുബായിൽ കളിക്കാമെന്ന് ബിസിസിഐയും ഐസിസിയെ അറിയിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് പാകിസ്താൻ വേദിയാകുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നടക്കുക. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ആദ്യ ഏഴ് സ്ഥാനങ്ങിൽ എത്തിയ ടീമുകൾക്കൊപ്പം ടൂർണമെന്റിന് വേദിയായ പാകിസ്താനും ചാംപ്യൻസ് ട്രോഫിയിൽ കളിക്കും. പാകിസ്താനും ന്യൂസിലാൻഡും ബംഗ്ലാദേശും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്ക്കെതിരായ മത്സരത്തിനായി പാകിസ്താൻ ദുബായിലെ വേദിയിലേക്ക് എത്തേണ്ടി വരും.