യുഎസ് കുറ്റപത്രത്തിന് ശേഷം അദാനി ഗ്രൂപ്പുമായുള്ള 730 മില്യൺ ഡോളറിൻ്റെ കരാറുകൾ റദ്ദാക്കി കെനിയ

ന്യൂഡല്‍ഹി: ഗൗതം അദാനിക്കെതിരെ അമേരിക്കയിലെ കുറ്റാരോപണത്തെത്തുടര്‍ന്ന് കമ്പനിയുമായുള്ള വമ്പന്‍ കരാറുകള്‍ കെനിയ റദ്ദാക്കി . രാജ്യത്തെ പ്രധാന വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്ന സംഭരണ പ്രക്രിയ റദ്ദാക്കാന്‍ ഉത്തരവിട്ടതായി കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ വ്യാഴാഴ്ച വ്യക്തമാക്കി.

പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നിര്‍മ്മിക്കുന്നതിനായി കഴിഞ്ഞ മാസം ഊര്‍ജ മന്ത്രാലയം അദാനി ഗ്രൂപ്പിന്റെ ഒരു യൂണിറ്റുമായി ഒപ്പുവെച്ച 30 വര്‍ഷത്തെ 736 മില്യണ്‍ ഡോളറിന്റെ പൊതു-സ്വകാര്യ പങ്കാളിത്ത കരാര്‍ റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയതായി റൂട്ടോ പറഞ്ഞു. ഗതാഗത മന്ത്രാലയത്തിലെയും ഊര്‍ജ, പെട്രോളിയം മന്ത്രാലയത്തിലെയും ഏജന്‍സികളോട് നടന്നുകൊണ്ടിരിക്കുന്ന സംഭരണം ഉടനടി റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികളും പങ്കാളിയും നല്‍കിയ പുതിയ വിവരങ്ങളാണ് തീരുമാനത്തിന് കാരണമെന്ന് റൂട്ടോ വ്യക്തമാക്കി.

ലോകത്തെ അതിസമ്പന്നരില്‍ ഒരാളായ ഗൗതം അദാനിയും മറ്റ് ഏഴ് പ്രതികളും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കാന്‍ സമ്മതിച്ചതായി യു.എസ് അധികൃതര്‍ ബുധനാഴ്ച പറഞ്ഞു. ആരോപണങ്ങള്‍ നിഷേധിച്ച അദാനി ഗ്രൂപ്പ് സാധ്യമായ എല്ലാ നിയമസഹായവും തേടുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *