
ഇരട്ട വോട്ടിന്‍റെ പേരില്‍ വിവാദത്തിലായ പാലക്കാട് ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. ഹരിദാസ് എത്തിയപ്പോള്‍ ഗേറ്റ് അടച്ചിരുന്നതിനാല്‍ വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു. ഹരിദാസ് വോട്ട് ചെയ്യാനെത്തുമെങ്കില്‍ തടയാനായി വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തില്‍ സംഘടിച്ചിരുന്നു. നേരത്തെ ഹരിദാസ് വോട്ട് ചെയ്യാനെത്തിയാൽ തടയുമെന്ന് എം ബി രാജേഷും പ്രതികരിച്ചിരുന്നു.
അതേസമയം സംഘർഷം ഒഴിവാക്കാനാണ് വോട്ട് ചെയ്യാനെത്താതിരുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് കെ എം ഹരിദാസ് പ്രതികരിച്ചു. സമാധാനപരമായി തിരഞ്ഞെടുപ്പ് കൊണ്ടുപോകാനാണ് ബി ജെ പി ശ്രമിച്ചതെന്നും ഹരിദാസ് കൂട്ടിച്ചേർത്തു. അതേ സമയം ജില്ലാ പ്രസിഡൻ്റ് എന്നല്ല ബി ജെ പി യുടെ ഒരു ബൂത്ത് പ്രസിഡൻ്റിനെ പോലും തടയാൻ വി കെ ശ്രീകണ്ഠന് സാധിക്കില്ലെന്നും ഹരിദാസ് പ്രതികരിച്ചു.
അതേ സമയം വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. രാഹുൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ചാണ് തടഞ്ഞത്. ബൂത്തിൽ കുറച്ച് സമയം സംഘർഷാവസ്ഥ ഉണ്ടായി. ഇരുവിഭാഗവും പ്രദേശത്ത് തന്നെ തുടർന്നത് വാക്കേറ്റത്തിലേക്ക് നയിച്ചു. പിന്നീട് പ്രവർത്തകരെ അനുനയിപ്പിച്ച് പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു.