നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ്. സംസ്ഥാന യുവജന കമ്മിഷനാണ് കേസെടുത്തത്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ‘ദിശ’ എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി.
പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയതായി കമ്മിഷന്‍ അധ്യക്ഷന്‍ എം. ഷാജര്‍ പറഞ്ഞു. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ അദ്ധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
നേരത്തേ രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അറസ്റ്റ് തടഞ്ഞില്ല. പകരം കേസ് 27-ലേക്ക് മാറ്റുകയാണ് ഹൈക്കോടതി ചെയ്തത്. ഹണി റോസിന് പുറമെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. തനിക്കെതിരായ കേസ് സ്വയം വാദിക്കുമെന്ന് അന്ന് രാഹുല്‍ പറഞ്ഞിരുന്നു.
നേരിടുന്ന അധിക്ഷേപം സധൈര്യം തുറന്നു പറയുകയും നിയമപരമായി നേരിടാന്‍ തയ്യാറായി മുന്നോട്ടു വരികയും ചെയ്യുന്ന സത്രീകള്‍ക്ക് രാഹുല്‍ ഈശ്വര്‍ ഉന്നയിക്കുന്നതുപോലെയുള്ള വാദങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നതായും യുവജന കമ്മിഷന്‍ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. പരാതിയില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകും. സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയെന്നും അധ്യക്ഷന്‍ പറഞ്ഞു. അതിജീവിതകളെ അവഹേളിക്കുന്ന തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ഇത്തരം വേദികളില്‍ സ്ഥാനം നല്‍കരുതെന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ഹണി റോസിന്റെ പരാതിയില്‍ നേരത്തേ പോലീസ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡിലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ ടി.വി. ചാനലുകളില്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച രാഹുല്‍ ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും പറഞ്ഞിരുന്നു.
ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം. ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് താൻ ചെയ്തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തൻ്റെ നിലപാട് എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം.