ഇടുക്കി കാട്ടാന ആക്രമണം; അമർ ഇലാഹിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

ഇടുക്കി മുള്ളരിങ്ങാട് അമയൽതൊട്ടിയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇലാഹിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് വനം വകുപ്പ്. 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഈ തുക ഉടന്‍ തന്നെ കുടുംബത്തിന് നൽകും. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് . പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി എ കെ ശശീന്ദ്രൻ നിര്‍ദേശിച്ചു.

യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ തൊടുപുഴ താലൂക്ക് ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ യുഡിഎഫ് -എൽഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വണ്ണപ്പുറം പഞ്ചായത്തിൽ നാളെ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അമറിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.

കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റെയിഞ്ചിൽ ചുള്ളിക്കണ്ടം സെക്ഷനിലാണ് ആക്രമണം നടന്നത്. ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. കുടുംബത്തിലെ ഏക ആശ്രയമാണ് ഇല്ലാതായതെന്ന് വാർഡ് മെമ്പർ ഉല്ലാസ് പറഞ്ഞു. മുള്ളരിങ്ങാട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് കാട്ടാനയെ തുരത്താൻ പ്രത്യേക ദൗത്യം വനം വകുപ്പ് നടത്തിയിരുന്നു.

തേക്കിൻ കൂപ്പിൽ വെച്ചാണ് അമറിനെ കാട്ടാന ആക്രമിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *