കണ്ണൂർ: കുടകിലെ ഗോണിക്കുപ്പ തിത്തി മത്തിക്ക് സമീപം ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ
കണ്ണൂർ സ്വദേശികളായ വാരം കടവിലെ അൽഫ ചിക്കൻ കടയിലെ തൊഴിലാളികളായ യുവാക്കളെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടേരിമൊട്ട സ്വദേശി നജീബ് (27), പള്ളിപ്പറമ്പ് സ്വദേശി ശിഹാബ് (28) എന്നിവരെയാണ് ഇന്ന് രാവിലെ 9 മണിയോടെ അത്യാധുനിക ആംബുലൻസിൽ കണ്ണൂർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ചത്.
ബെംഗളൂരു ഓൾ ഇന്ത്യാ കെ.എം.സി.സി പ്രവർത്തകരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് പരിക്കേറ്റവരെ കണ്ണൂരിലേക്ക് മാറ്റിയത്. മൈസൂരിലെ ആശുപത്രിയിലെ ചികിത്സാ ചെലവും കെ.എം.സി.സിയാണ് വഹിച്ചത്.
ഇന്നലെ വൈകുന്നേരം 5 മണിയോടെ ഇവർ സഞ്ചരിച്ച ബൈക്ക് തിത്തി മത്തിക്ക് സമീപം ഹമ്പിൽ കയറി മറിയുകയായിരുന്നു. തിത്തിമത്തിയിലെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവരെ മൈസൂരിലെ സിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
പെരുന്നാൾ അവധി ആയതിനാൽ ഇവിടത്തെ 4 തൊഴിലാളികൾ 2 ബൈക്കുകളിലായി ഇന്നലെ രാവിലെ മൈസൂരിലേക്ക് യാത്ര തിരിച്ചതായിരുന്നു.
