
കണ്ണൂർ: ലോഡ്ജിൽ മയക്കുമരുന്ന് ഉപയോഗത്തിനിടെ പറശ്ശിനിക്കടവിൽ രണ്ട് യുവതികളും യുവാക്കളും ശനിയാഴ്ച പിടിയിലായിരുന്നു.ഇപ്പോഴിതാ, എക്സൈസിനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് യുവതികളിൽ ഒരാളായ ഇരിക്കൂർ സ്വദേശിനി റഫീന. മയക്കുമരുന്ന് മനപ്പൂർവം കൊണ്ടുവച്ചതാണെന്നും തനിക്കെതിരെ കേസില്ലെന്നുമാണ്റഫീനയുടെ വാദം. എന്നാൽ യുവതി പ്രതിയാണെന്നും ലഹരി ഉപയോഗിച്ചെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കുന്നു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടത്തിയിരുന്ന നാലുപേരെയാണ് പറശ്ശിനിക്കടവിൽ എക്സൈസ് പിടികൂടിയത്. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി ജംഷീൽ എന്നിവർക്കൊപ്പം ഇരിക്കൂർ സ്വദേശിനി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നീ യുവതികളെയും തളിപ്പറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 490 മില്ലി ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ട്യൂബുകളും മറ്റും ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
പ്രതികളിൽ ഒരാളായ റഫീനയാണ് ഫെയ്സ്ബുക്കിൽപങ്കുവെച്ച വീഡിയോയിൽ എക്സൈസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്നും എക്സൈസ് തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവർ തന്നെ മയക്കുമരുന്ന് കൊണ്ടുവച്ചതെന്നുമാണ് യുവതിയുടെ ആക്ഷേപം.

എന്നാൽ വാദങ്ങളെല്ലാം എക്സൈസ് തളളുകയാണ്. തളിപ്പറമ്പ് എക്സൈസ് എടുത്ത എൻഡിപിഎസ് കേസിൽ മറ്റ് മൂന്ന് പേർക്കൊപ്പം പ്രതിയാണ് റഫീന. ലഹരി ഉപയോഗിച്ചെന്ന് യുവതി തന്നെ മൊഴി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യം കിട്ടിയതെന്നും എക്സൈസ് വ്യക്തമാക്കുന്നു.
പെരുന്നാൾ ആഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ മാർച്ച് 31ന് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ലഹരി സംഘത്തിനൊപ്പം കണ്ണൂരിലും പറശ്ശിനിക്കടവിലും ലോഡ്ജുകളിൽ തങ്ങി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് എക്സൈസ് പറയുന്നു.
പരസ്പരം ഫോണുകൾ കൈമാറി ബന്ധുക്കളെ കബളിപ്പിക്കുകയും ചെയ്തു. പിടിയിലായപ്പോഴാണ് വീട്ടുകാരും വിവരമറിഞ്ഞത്. ലഹരി സംഘത്തിലെ കൂടുതൽ പേർക്കായി എക്സൈസ് അന്വേഷണം തുടരുകയാണ്.