
രാജ്യ സ്നേഹികളുടെ രാജകുമാരൻ എന്ന് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച ധീര ദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റ ജന്മ ദിനമായ ജനുവരി 23 ദേശ സ്നേഹ ദിനമായി ആചരിക്കുന്നു. നേതാജി എന്ന ശബ്ദം ഇന്ത്യക്കാരിൽ വൈകാരികതയുടെ വേലിയേറ്റങ്ങൾ ഉണ്ടാക്കിയാണ് കടന്നു പോകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് എന്ന അത്യുന്നത പദവി വഹിച്ചു കൊണ്ട് സ്വാതന്ത്ര്യ സമരത്തെ നയിച്ച അദ്ദേഹം കോൺഗ്രസിനെ ഇന്ത്യൻ ജനങ്ങളുടെ കരുത്തുറ്റ സമര സംഘടനയാക്കി മാറ്റുന്നതിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി. അതിന് ശേഷമാണ് 1939ൽ ബോസ് ഫോർവേഡ് ബ്ലോക്ക് രൂപീകരിക്കുന്നത്.ദേശത്തും വിദേശത്തുമായി ഇരുപത്തിയഞ്ച് വർഷത്തെ രാഷ്ട്രീയ – സൈനിക ജീവിതത്തിനോടുവിലാണ് 1945 ആഗസ്ത് 18 ന് ഫോർമോസയിലെ തായ്പേയിൽ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് പറന്നുയർന്ന് അദ്ദേഹം ലോകത്തിന്റെ കണ്ണിൽ നിന്ന് കൊള്ളിയാൻ പോലെ അപ്രത്യക്ഷ നായത്.പതിനൊന്നു തവണ തടവറക്കുള്ളിൽ അടക്കപ്പെട്ട, ഇരുണ്ട കാലത്തിലൂടെ തീ പിടിപ്പിക്കുന്ന ചിന്തകളുമായി കടന്നുപോയ രാഷ്ട്രീയ ജീവിതത്തിന് ശേഷമാണു 1941 ജനുവരി 17 ന് അദ്ദേഹം കൽക്കട്ട യിലെ വീട്ടു തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് അതി സഹസികമായി വിദേശത്ത് കാലു കുത്തിയത്. ഒടുവിൽ സിങ്കപ്പൂരിൽ രൂപീകരിച്ച ഇന്ത്യൻ സ്വാതന്ത്രത്തിന് വേണ്ടിയുള്ള താൽക്കാലിക സർക്കാരിന്റെ തലവനും ഇന്ത്യൻ നാഷണൽ ആർമിയുടെ നായകനും എന്ന നിലയിലേക്കുള്ള ലേക്കുള്ള അദ്ദേഹത്തിന്റെ ദ്രുത സഞ്ചാരം ആരെയും അമ്പരപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ അധികരിച്ചുകൊണ്ട് “മഹാനായകൻ “എന്ന നോവൽ എഴുതിയ മറാത്തി നോവലിസ്റ്റ് ബിശ്വാസ് പാട്ടിൽ കുറിച്ചതുപോലെ “ആ വിധ കാര്യങ്ങൾ മനസിലാക്കണമെങ്കിൽ ചരിത്രത്തിലെ ചുട്ടു പഴുത്ത ഭൂമിയിലെ മണൽ തരികളിൽ വിശദാംശങ്ങളുടെ ഇരുളടഞ്ഞ ഗുഹകളിൽ ഭൂതം കണക്കെ ചുറ്റിത്തിരിയേണ്ടതായി വരും “
ഇന്ത്യയിലെ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും പിന്നീട് വിദേശത്ത് നിന്ന് സൈനിക നായകനായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെ തിരായ പടയോട്ടത്തിന് നേതൃത്വം നൽകുമ്പോഴും ഇന്ത്യൻ ദേശീയത എന്ന ആശയം സുഭാഷ് ചന്ദ്ര ബോസിനെ നിരന്തരം പ്രചോദിപ്പിച്ചു. അദ്ദേഹം പറഞ്ഞു :”ഇന്ത്യൻ ദേശീയത സങ്കുചിത ബുദ്ധിയാർന്നതോ അക്രമ സ്വഭാവത്തോട് കൂടിയതോ അല്ല. മനുഷ്യ വംശത്തിന്റെ ഏറ്റവും മഹത്തരമായ വിഷയങ്ങളായ സത്യം, ശിവം, സുന്ദരം എന്നിവയിൽ അധിഷ്ടിതമാണ് ഇന്ത്യൻ ദേശീയത “
ഇന്ത്യൻ ദേശീയതയുടെ ശക്തിയും സൗന്ദര്യവും ലോകത്തിന് പകർന്നു നൽകാൻ അദ്ദേഹം ആശയലോകത്ത് പോരാട്ടങ്ങൾ നടത്തി. ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ട് നമ്മുടെ നാടിനെ കുറിച്ച് അഭിമാന ബോധം ഉള്ളവരാകുവാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ ആത്മാഭിമാന ബോധം ജനങ്ങളിൽ വളർത്തുന്നതിനുള്ള മാസ്മര മന്ത്രമായി ഇന്ത്യൻ ദേശീയതയെ നേതാജി അവതരിപ്പിച്ചു,
ചരിത്രത്തിന്റെ ഖനി കളിൽ നിന്ന് ഇന്ത്യൻ ദേശീയതയെ ഉണർത്തുന്ന ആശയങ്ങൾ അദ്ദേഹം ഖനനം ചെയ്തു.
മോഹൻജോദാരോവിലും ഹാരപ്പയിലും നടന്ന പര്യവേഷണങ്ങളിൽ വെളിവാകപ്പെട്ട സിന്ധു നദീതട സംസ്കാരത്തിന്റെ തിരു ശേഷിപ്പുകൾ വളരെ ഉന്നതമായ സംസ്കാരം ക്രിസ്തുവിന് മൂവായിരം വർഷം മുമ്പ് തന്നെ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് “ഇന്ത്യൻ സ്ട്രഗിൾ “എന്ന ഗ്രന്ഥത്തിൽ നേതാജി എഴുതി. ഇന്ത്യയുടെ ഭാഗമായ വിശാലമായ ഭൂപ്രദേശം ഒരു ഏകീകൃത യൂണിറ്റ് എന്ന നിലയിൽ മയൂര രാജ വംശത്തിലെ പ്രതാപിയായ ചക്രവർത്തി അശോകൻ ഭരണം നടത്തിയ ബി. സി. 322 ലും ഗുപ്ത രാജ വംശം ഭരിച്ച എ. ഡി. 330 ലും മുഗൾ സാമ്രാജ്യം ഭരണം നടത്തിയ പതിനേഴാം നൂറ്റാണ്ടിലും അതിന് ശേഷവുമൊക്കെ നിലനിന്നിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ നേതാജി ഇന്ത്യ എന്ന രാജ്യത്തിന്റെ തനതായ വ്യക്തിത്വത്തിലേക്ക് വിരൽ ചൂണ്ടി.ഇന്ത്യയുടെ ചരിത്രത്തിലെ വ്യത്യസ്തമായ കാലഘട്ടങ്ങളിൽ ഉത്കൃഷ്ടമായ കലാ സാഹിത്യ സൃഷ്ടികളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ഉണ്ടാവുകയും സാംസ്‌കാരികമായ ഉണർവുകളും സമാന്വയങ്ങളും ഉണ്ടാവുകയും ചെയ്തു എന്ന് അദ്ദേഹം വിശദീകരിച്ചു . താജ്മഹൽ, മധുരയിലെയും എല്ലോറയിലെയും അമ്പലങ്ങൾ, ആഗ്രയിലെ പേൾപ്പള്ളി, അജന്തയിലെ ഗുഹാക്ഷേത്രത്തിലെ കൊത്തു പണികൾ എന്നിവ ഇന്ത്യയുടെ അഭിമാനകരമായ സാംസ്‌കാരിക നേട്ടങ്ങൾ ആയി നേതാജി ഉയർത്തിക്കാട്ടി.
ചരിത്രത്തോട് സത്യസന്ധത പുലർത്തുകയും നാനാത്വത്തെ അംഗീകരിക്കുകയും എല്ലാ ഇന്ത്യക്കാരെയും ചേർത്ത് നിർത്തുകയും ചെയ്യുന്ന ഇന്ത്യൻ ദേശീയതയുടെ അടിത്തറയിലാണ് നേതാജി ഇന്ത്യൻ നാഷണൽ ആർമി കെട്ടിപ്പടുത്തത്. മൂന്നു മാസത്തെ നേതൃത്വം കൊണ്ട് ഐ. എൻ. എ. യെ യുദ്ധ സന്നദ്ധമാക്കാൻ നേതാജിക്ക് കഴിഞ്ഞു. ഐക്യം, വിശ്വാസം, ത്യാഗം എന്നിവയായിരുന്നു ഐ. എൻ. എ. യുടെ മുദ്രാവാക്യങ്ങൾ.1944 ഫെബ്രുവരി 4ന് ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ യുള്ള ഐ. എൻ. എ. യുടെ ആദ്യത്തെ യുദ്ധം ആരംഭിച്ചു. ബർമ്മ യിൽ നിന്ന് ഇന്ത്യൻ അതിർത്തി കടന്ന് ഐ. എൻ. എ മണിപ്പൂരിലേക്ക് പ്രവേശിച്ചു.ബ്രിട്ടീഷ് സൈന്യത്തിനെതിരെ അതിശക്തമായ യുദ്ധം നടത്തിയ ഐ. എൻ. എ ശത്രു സൈന്യത്തെ തുരത്തിയോടിച്ച് കോഹിമ, ഇംഫാൽ തുടങ്ങിയ പ്രദേശങ്ങൾ പിടിച്ചെടുത്തു.അങ്ങനെ സ്വതന്ത്രമാക്കപ്പെട്ട ഇന്ത്യൻ മണ്ണിൽ 1944 ഏപ്രിൽ 14ന് ത്രിവർണ്ണ പതാക ഉയർന്നു. ധീരവും ഉജ്വലവുമായ പടയോട്ടത്തിനിടയിൽ ഐ. എൻ. എ യുടെ നിരവധി പട്ടാളക്കാർ മരിച്ചു വീണു. കുത്തിയൊലിച്ച് ഒഴുകുന്ന ഇരാവതി നദി മുറിച്ചു കടന്നു കൊണ്ടും കാടും മലകളും താണ്ടികൊണ്ടും ഐ. എൻ. എ നടത്തിയ സൈനിക മുന്നേറ്റത്തിന്റെ ചാലക ശക്തി ഇന്ത്യൻ ദേശീയതയിൽ നിന്ന് ചിറകടിച്ചുയർന്ന ദേശാഭിമാന ബോധമായിരുന്നു. പോരടിച്ചു വീണ ഐ. എൻ. എ പോരാളികളിൽ ഹിന്ദുവും മുസൽമാനും സിക്കുകാരനും ക്രിസ്ത്യാനിയും പാഴ്‌സിയുമു ണ്ടായിരുന്നു.പിറന്ന മണ്ണിനോടുള്ള കൂറ് അവർക്ക് ഒരമ്മ പെറ്റ മക്കളെ പോലെ ഒന്നിച്ചു നിന്നു പോരാടാൻ പ്രേരണ നൽകി.ചലോ ദില്ലി എന്ന് കാഹളം മുഴക്കി കൊണ്ടുള്ള ഐ. എൻ. എ യുടെ പ്രയാണം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും അതിന്റെ പ്രകമ്പനങ്ങൾ ബ്രിട്ടീഷ് രാജിനോടുള്ള ഇന്ത്യൻ പട്ടാളത്തിന്റെ വിധേയ ത്വത്തെ ഇല്ലാതാക്കുകയും ബ്രിട്ടീഷ് ഭരണാധി കാരികളുടെ ആത്മ വിശ്വാസത്തെ തകർക്കുകയും ചെയ്തു.കപട ദേശീയതയോട് കലഹിക്കുകയും അപരത്വത്തെ അകറ്റി നിർത്തുകയും ചെയ്യുന്ന മതേതരത്വത്തിന്റെ മഹനീയ മാതൃക കളാണ് നേതാജിയും ഐ. എൻ. എ. യും ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ചത്.അദ്ദേഹത്തിന്റെ ധന്യ ജീവിതത്തെ വിലയിരുത്തിക്കൊണ്ട് ഇന്ദിര ഗാന്ധി ഇങ്ങനെ അനുസ്മരിച്ചു :”ഉജ്വലമായ രാജ്യ സ്നേഹത്തിന്റെയും വ്യക്തി പ്രഭാവത്തിന്റെയും പ്രതീകമാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും ഭാവി തലമുറക്ക് പ്രചോദനമായി എക്കാലത്തും നിലനിൽക്കും “
അഡ്വ ടി. മനോജ് കുമാർ
സംസ്ഥാന ജനറൽ സെക്രട്ടറി
ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്