വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ. താൻ നിരപരാധിയാണെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ഐ സി ബാലകൃഷ്ണൻ പറഞ്ഞു.
താൻ ഒളിവിൽ പോയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. നിലവിൽ തിരുവനന്തപുരത്താണ് ഉള്ളതെന്നും സഭാ സമ്മേളനം കഴിഞ്ഞ ശേഷം വയനാട്ടിൽ എത്തുമെന്നും ഐസി ബാലകൃഷ്ണൻ പറഞ്ഞു. ശനിയാഴ്ച വയനാട്ടിൽ എത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസമായാണ് കോടതിയുടെ മുൻകൂർ ജാമ്യം. ആത്മഹത്യാ പ്രേരണ കേസിൽ പ്രതി ചേർത്ത മൂന്ന് നേതാക്കളുടേയും മുൻകൂർ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു. ഒന്നാം പ്രതിയായ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥനുമാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.
ജില്ല വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. മുൻകൂർ ജാമ്യഹർജിയിൽ വിധി പ്രസ്താവിക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ പങ്കെടുത്തിരുന്നു. കേസ് എടുത്തതിന് പിന്നാലെ ഐ സി ബാലകൃഷ്ണൻ ഒളിവിൽ പോയിരുന്നു.
പ്രതികളുടെ കേസിലെ പങ്കാളിത്തം വ്യക്തമാകുന്ന ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ നിർണായ സാക്ഷി സ്വാധീനിക്കപ്പെട്ടതായി സംശയമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ആയിരം പേരുള്ള കേസ് ഡയറി കോടതി പരിശോധിച്ചു.
ഐ.സി.ബാലകൃഷ്ണൻ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ആത്മഹത്യ പ്രേരണയ്ക്ക് ഈ മാസം 9ന് പൊലീസ് കേസെടുത്തത്.മുൻ ഡിസിസി പ്രസിഡന്റായിരുന്ന അന്തരിച്ച പി.വി.ബാലചന്ദ്രൻ നാലാം പ്രതിയാണ്. രണ്ടുദിവസം വാദം കേട്ടശേഷമാണ് കോടതി ജാമ്യം നൽകിയത്. എൻ.എം.വിജയൻ്റെ ആത്മഹത്യാക്കുറിപ്പിൽ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ പേരുണ്ടായിരുന്നു.