ട്രംപ് ഇനി ‘ഫ്രണ്ടിനെ’ സഹായിക്കുമെന്ന് പ്രതീക്ഷ; ടെസ്‌ലയുടെ ഓഹരിമൂല്യം വര്‍ദ്ധിക്കുന്നു, മസ്കിന് നേട്ടം

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ വിപണിമൂല്യം ഒരുലക്ഷം കോടി ഡോളര്‍ (ഏകദേശം 84 ലക്ഷം കോടി രൂപ) പിന്നിട്ടു. 29 ശതമാനം വര്‍ധനയാണ് 3 ദിവസത്തിനുള്ളില്‍ ടെസ്‌ലക്കുണ്ടായിരിക്കുന്നത്. ഏകദേശം 13,000 ഡോളര്‍ മൂല്യം വരുന്ന 13 ശതമാനം ഓഹരികളാണ് ടെസ്‌ലയില്‍ മസ്‌കിനുള്ളത്. മറ്റൊരു ഒന്‍പതുശതമാനത്തിൻ്റെ ഓഹരികൾ മസ്‌കിന് കൈമാറുന്നത് സംബന്ധിച്ച തീരുമാനം കോടതി പരിഗണിക്കുകയാണ്.
2022 ഏപ്രിലിനുശേഷം ആദ്യമായാണ് ടെസ്‌ലയുടെ വിപണിമൂല്യം ഒരുലക്ഷം കോടി ഡോളര്‍ കടക്കുന്നത്. ടെസ്ല ഓഹരിവിലയിലെ കുതിപ്പിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ മൊത്തം ആസ്തികളുടെ മൂല്യം 30,000 കോടി ഡോളര്‍ (25.3 ലക്ഷം കോടി രൂപ) പിന്നിട്ടു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൈയ്യും കണക്കും നോക്കാതെയാണ് മസ്‌ക് ട്രംപിനെ സഹായിച്ചതെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് അനുകൂല പ്രചാരണത്താനിനായി 119 മില്യണ്‍ ഡോളര്‍ മസ്‌ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് അധികാരത്തിൽ എത്തിയതോടെ ഇതിന് പ്രത്യുപകരാമുണ്ടാകുമെന്നും അത് ടെസ്‌ലയുടെ വിപണി മൂല്യം വർദ്ധിപ്പിക്കുമെന്നുമാണ് പൊതുവെ അമേരിക്കക്കാർ പ്രതീക്ഷിക്കുന്നത്. ഇതിൽ പ്രധാനം ടെസ്‌ലയുടെ ഡ്രൈവറില്ലാ കാറിൻ്റെ അനുമതിയാണ്. ട്രംപ് ഭരണകൂടം ടെസ്‌ലയുടെ ഡ്രൈവറില്ലാ ഇലക്ട്രിക് കാറിന് അനുകൂലമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനെ തുടർന്നാണ് ടെസ്‌ലയുടെ ഓഹരികളിലെ കുതിപ്പെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ആഴ്ചമാത്രം ടെസ്‌ലയുടെ വിപണിമൂല്യത്തില്‍ 29 ശതമാനം വരുന്ന 23,000 കോടി ഡോളറിൻ്റെ വര്‍ധനയുണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *